Thursday 13 November 2014

                                                   

                                                   

                                                 സമത്വത്തിൻെറ  തച്ചുശാസ്ത്രം




നഗരത്തിന് വടക്കുമാറി ഒരു  കാടുണ്ടായിരുന്നു. അവിടെ ഒരു  ദിവ്യൻ ഉണ്ടെന്നറിഞ്ഞ് ഞാനും കൂട്ടുകാരനും അങ്ങോട്ട് യാത്രയായ്. അയാൾ തലയിൽ കടന്നലുകളെയും താടിയിൽ പുളിയുറുമ്പിനെയും വളർത്തിയിരുന്നു. ആ ജന്തുക്കൾ അയാൾക്ക് ചെയ്യുന്ന ശല്ല്യ ങ്ങളെപ്പറ്റി നഗരത്തിൽ എല്ലാവർക്കും അറിയാമായിരുന്നു. പളുങ്കു കണ്ണുകളും മൂക്കിൽ പാലുണ്ണിയുമുള്ള ഒരു സുന്ദരിയാണ് എന്നോടിത് പറഞ്ഞത്.



ഞാനവിടെ എത്തുമ്പോൾ ആ കാട്ടിലെ മുഴുവൻ മൃഗങ്ങളും അയാൾക്കു മുന്നിൽ നമ്രശിരസ്കരായ് നില്ക്കുന്ന കാഴ്ച കണ്ട് അന്തംവിട്ടുപോയ് . ഒരല്പം ഭയവും തോന്നി. എൻെറ കൂട്ടുകാരൻ ഭയന്ന് ഓരിയിട്ടു.പിന്നെ എന്നെ ഉപേക്ഷിച്ച്  തിരികെ ഓടിപ്പോയി. നക്ഷത്രങ്ങളോളം ഉയരമുള്ള ഇലമൂടിയ അത്തിമരത്തിൽ ഭയന്ന് അരണ്ട വെരുകിനെപ്പോലെ  ഞാൻ വലിഞ്ഞു കയറി.



ആ ദിവ്യൻ തലകുത്തി നിന്നാണ് പ്രഭാഷണം നിർവ്വഹിച്ചത്. അപ്പോഴും പാദരക്ഷകളണിഞ്ഞിരുന്നു.അതെന്തിന് എന്ന് ശിഷ്യർ അത്ഭുതം കൂറി.കാലിൽ കാക്കകൾ കാഷ്ഠിക്കാതിരിക്കാനാണ് എന്നയാൾ വിശദീകരിച്ചു.



ഈലോകംമുഴുവൻ തലകീഴായിരിക്കുന്നു എന്ന് പറഞ്ഞാണ് ആ മഹത് പ്രഭാഷണം തുടങ്ങിയത്.      

                                                                             

ഈ കാട്ടിൽ എല്ലാവരേയും കാട്ട് ജീവികൾ എന്നാണ് വിളിക്കേണ്ടത്. വ്യതിരിക്തമായ നാമങ്ങളോ, സൂചകങ്ങളോ അരുത്. അത് അസമത്വത്തിന് കാരണമാകും എന്നയാൾ പരിതപിച്ചു. ആരും ആരേയും തിന്നരുത്.പകരം ഒരു പൊതു ഭക്ഷണം സ്വീകരിച്ച്, പൊതുക്കുളത്തിൽകുടിച്ച്, പൊതു നദിയിൽകുളിച്ച്, പൊതുസ്ഥലത്ത് വിസർജ്ജനം ചെയ്ത് പൊതു ഇടത്തിൽ ഉറങ്ങി ഉണർന്നാൽ; എല്ലാവരും രൂപാന്തരം പ്രാപിച്ച്; സമന്മാരാകും എന്നയാൾ സിദ്ധാന്തിച്ചു.ആ പാണ്ഡിത്യത്തിനു മുമ്പിൽ ഞാൻ ശിരസ്സ് നമിച്ചു.




ഈ സമയം ചെന്നായ്ക്ക്ൾ തൊട്ടടുത്ത മാനുകളുമായ് ഗോലികളിക്കുകയായിരുന്നു. സിംഹങ്ങളുടെ മടിയിൽ കിടന്ന് മുയലുകൾ കൂർക്കം വലിച്ചുറങ്ങി. ശ്രോതാക്കൾക്ക് കഴിക്കാൻ മരച്ചീനിപുഴുങ്ങിയതും ചുക്കുവെള്ളവും കരുതിയിരുന്നു.നല്ല ചെണ്ടമുറിയൻകപ്പ!



പ്രഭാഷണം മറ്റൊരുതലത്തിലേക്ക് കടന്ന്."യാതൊരു ഹിംസയും നമ്മുടെ ഈ മാത്രകാവനത്തിൽ ഉണ്ടാകരുത്.പക്ഷെ നമ്മുടെ പൊതു ലക്ഷ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ നമുക്ക് സംഘംചേർന്ന് കൊല്ലാം.പക്ഷെ വേദനിപ്പിക്കരുത് ! അതൊരു കൊലപാതകമല്ലെന്ന്  നാം എല്ലാവരേയും ബോദ്ധ്യപ്പെടുത്തണം! വെറുമൊരു ഇല്ലാതാക്കൽ ആണതെന്ന് എല്ലാവരേയും കയ്യടിച്ച് അംഗീകരിപ്പിക്കാണം ! അംഗീകരിപ്പിക്കാൻ ആവശ്യമെങ്കിൽ ചെറിയ ഒരു ബലപ്രയോഗവും ആകാം! പക്ഷെ അതൊരു ബലപ്രയോഗമല്ലെന്നും.അംഗീകരിപ്പിക്കണം! കേവലം സമ്മർദ് ദം മാത്രം. "അംഗീകരിപ്പിക്കലാണ് എൻെറ തത്വശാസ്ത്രത്തിൻെറ കാതൽ.  


                                                                                   
"എല്ലാവർക്കും എല്ലാവരുടേയും എന്നത് ആണ് നമ്മുടെ മുദ്രാവാക്യം."




"ഗുരോ ഒന്നു കൂടി വിശദീകരിക്കാമോ ?"ഒരു കരടിയാണ് ചോദ്യകർത്താവ്. പണ്ഠിതൻ മുരടനക്കി കണ് ഠ ശുദ്ധി വരുത്തി. ഇപ്പോൾ രണ്ടു ടിമുകളായ് ഫുട്ബോൾ കളിച്ചിരുന്ന പുലികളും ആടുകളും. കളി നിർത്തി പ്രഭാഷണം ശ്രദ്ധിച്ചു തുടങ്ങി.



"അതായത് സിംഹത്തിൻെറ ഗുഹയിൽ എലിയോ എലിയുടെ മാളത്തിൽ സിംഹമോ അന്തിയുറങ്ങുന്നതിൽ തെറ്റില്ലെന്ന്.!"



ഇത്തവണ ദിവ്യന് അല്പം ദേഷ്യം വന്നു. "എന്തെങ്കിലും അഭിപ്രായമോ അഭിപ്രായ വ്യത്യാസമോ വന്നാൽ ഭുരിപക്ഷ തീരുമാനം സസന്തോഷം എല്ലാവരും  സ്വീകരിക്കുക."      



കാട്ടിൽ ഹിംസ നിരോധിച്ചത് കൊണ്ട് എല്ലാവരുംമുഴുപ്പട്ടിണിയിൽ ആയിരുന്നു. അത്കൊണ്ട് ആദ്യം പൊതു ഭക്ഷണം തീരുമാനിക്കാമെന്ന് ചർച്ചവന്നു .



സിംഹം,പുലി, കടുവ എന്നിവർ അത്തിപ്പഴവും കഞ്ഞിവെളളവും മതിയെന്ന് പറഞ്ഞു. മാൻ, പശു, മുയൽ എന്നിവർ വാഴപ്പഴവും,സർബ്ബത്തും മതിഎന്ന് പറഞ്ഞു. കീരി, വെരുക്, പന്നി, എലി, എന്നിവർ മരച്ചീനിയും നാരങ്ങസോഡയും മതി എന്നു പറഞ്ഞു.



കൈപൊക്കി ഭൂരിപക്ഷമെടുത്തപപോൾ മൂഷികന്മാരാണ് ജയിച്ചത്. അങ്ങനെ മരചീനിയും നാരങ്ങസോഡയും ഭക്ഷണമായ് അംഗീകരിക്കപ്പെട്ടു.



                                                                                 
വിജയശ്രീലാളിതരായ മൂഷികൻമാരുടെ മുഖത്ത് ഒരു വഷളൻ ചിരി ഒട്ടിനിന്നിരുന്നു. അവർ കൈകളും വാലും  ഒന്നിച്ച് ഉയർത്തിയാണ് ഭുരിപക്ഷം തികച്ചത്.എണ്ണം എടുത്ത വൃദ്ധൻ കുരങ്ങിന് തെറ്റിപ്പോയിരുന്നു.



എനിയ്ക്കു ചുറ്റും  മേഘങ്ങളിൽ ഒളിച്ചിരുന്ന അന്ധകാരം പെയ് തിറങ്ങി. അത് കാഴ്ചകളെ മറച്ചു. നക്ഷത്രങ്ങൾ  വഴികാട്ടിയ ദിശയിലൂടെ ഞാൻ മടങ്ങി.

                                       -------------------------------------------

 

1 comment:

  1. influence of nietzsche is visible... style is somewhat of sufi masters and jibran,, idea is clear and tone is sarcastic

    ReplyDelete