Saturday 22 November 2014





ഏകാന്തതയാണ്  ഇന്നെൻെറ കൂട്ടാളി. എങ്കിലും ഉണർന്നത്  വെളിച്ചമുള്ള  പ്രഭാതത്തിലേക്കാണ്


എല്ലാ അർത്ഥത്തിലും ധീരതയെ ഞാൻ  പ്രകീർത്തിക്കുന്നു. ഒരാൾ ധീരനായിരിക്കുക എന്ന വാക്കിന്; അയാൾ മഹാബുദ്ധിമാൻ ആയിരിക്കുക എന്നു കൂടി  ഞാനർത്ഥം കല്പിക്കുന്നു.


സൂര്യനെ  വട്ടമിട്ടു പറക്കാൻകഴിയുന്നവനത്രെ ധീരൻ -----------------

നക്ഷത്രങ്ങൾക്കിടയിൽ കൂടു  വയ്ക്കുന്നവനത്രെ  ധീരൻ -----------------


 ഒരു പിടിമണൽ കൊണ്ട് ആനയെ തളക്കാൻ ബലമുള്ള കയർ പിരിച്ചെടുക്കുന്നവനത്രെ.


കൊടുങ്കാറ്റിനെ പരിഹസിച്ചും, ഭുകമ്പത്തെ വാരിപ്പുണർന്നും, സൂര്യന് കീഴിലുളള സമസ്ത കോട്ടകൊത്തളങ്ങളും ധീരൻ പണിതത്രെ. ശുന്യാകാശം നോക്കി കിടന്ന എന്നോട് നിലാവാണിത് പറഞ്ഞത്. കൃമികളോട് എറ്റു മുട്ടുന്നതിലല്ല! കൃമികളെ കാൽ കീഴിലമർത്തി അതിൽ നിന്ന് ഊർജജമെടുത്ത് വ്യാഘ്രത്തോട് ഏറ്റു മുട്ടുന്നവനത്രെ ധീരൻ; ധീരതയെ പ്രകീർത്തിക്കാത്ത രാജാവ് ഒരു പ്രജയായ് ഇരിക്കുവാൻ പോലും യോഗ്യനല്ല. യാതൊന്നും ദാനമായ് സ്വീകരിക്കാതെ ആവശ്യമെങ്കിൽ പിടിച്ചു വാങ്ങേണ്ടുന്ന ധീരത ഒരുവനില്ലെങ്കിൽ അവൻ മനുഷ്യൻപ്പോലുമല്ല. ഈ തത്വം  എൻെറ മുത്തച്ചൻ സിംഹത്തിൽ നിന്നാണ്  പഠിച്ചതെന്നും നിലാവ് പറഞ്ഞു.

Thursday 20 November 2014



ഇന്നത്തേത് ഒരു ചതഞ്ഞ ദിവസമായിരുന്നു. ജരാനരബാധിച്ച  തത്വചിന്തകരുമായ് തർക്കിച്ചു നേരം പോക്കി. എൻെറകൂട്ടുകാരൻ ഒരു കശാപ്പുകടയിൽ നിന്നും സംഘടിപ്പിച്ച; ഒരെല്ലും നൊട്ടിനുണഞ്ഞ്  വാലും ചുരുട്ടി ഉറങ്ങി.


ആഹാരവും, വസ്ത്രവും, പാർപ്പിടവും ലഭിയ്ക്കുന്ന ജനത രാജാവ് ജയിക്കട്ടെ എന്ന ആഹ് ളാദാരവം മുഴക്കി സുക്ഷുപ് തിയിൽ ഉറങ്ങും എന്നവർ സിദ്ധാന്തിച്ചു.


ഇനിയും  ബോധമുദിക്കാത്ത ആ  കുതിരത്തലയൻമാരോട് എനിക്ക് സഹതാപമേ ഉള്ളൂ.



" പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും.പദാർത്ഥം, ജീവൻ, ബോധം, ആത്മബോധം എന്നിങ്ങനെ തരം തിരിക്കേണ്ടതുണ്ട്.


പദാർത്ഥം വസ്തുക്കളെയും,ജീവൻ സസ്യങ്ങളേയും.ബോധം ജന്തുവിനേയും  ആത്മബോധം മനുഷ്യനേയും പ്രതിനിധീകരിക്കും."


"ഒന്നു കുടി വിശദീകരിക്കാമോ"? കുതിരത്തലയൻമാർ വായ് പിളർത്തി.


"ഒരു കുറുക്കന് വിശന്നാൽ അതൊരു കോഴിയെ തിന്നും അതിൻെറ വിശപ്പടങ്ങും." കാരണം വിശപ്പ്  എന്ന ബോധത്തെ  അത് തൃപ് തിപ്പെടുത്തി.പിന്നീട് അവൻ സുഖമായ്  ഉറങ്ങും!"






"എന്നാൽ മൂഡൻമാരെ കേട്ടുകൊൾക വിശന്ന മനുഷ്യന് കോഴിയെ കിട്ടുന്നതോടെ ആശയക്കുഴപ്പം തുടങ്ങുകയായ് .--------------!!


"വറുത്ത് തിന്നണോ അതോ കൂട്ടാൻ വയ് ക്കണോ"!!


"മസാല ചേർക്കണോ അതോ വെറുതെ വച്ചാൽ മതിയോ"! ബോധത്തിനുമുകളിൽ ആത്മബോധമുള്ള വനത്രെ മനുഷ്യൻ.......


"രുചികൾക്കും മുകളിൽ അഭിരുചികള്ളു വനത്രെ"


"അത് കൊണ്ട് തന്നെ അസംതൃപ്തി അവന് കൂടെപ്പിറപ്പത്രെ"


ഇപ്പോൾ കുതിരത്തലയൻമാർ  ഹി---------   ഹി------- ഹി------ എന്നു ചിരിച്ചു.


"തിരഞ്ഞെടുക്കലുകളുടെ ധർമ്മസങ്കടം എന്ന് ഞാനിതിനെ വിളിക്കും."


ഞാനൊരു കഥപ്പറയാം.


മുല്ല നസ്സറുദ്ദീൻ നടന്നുപ്പോകുകയായിരുന്നു. ഒരു കയ്യിൽ വലിയ ഒരാട്ടിൻകരൾ. മറുകയ്യിൽ കരൾ ഫ്രൈ ചെയ്യാൻ  സുഹ്രത്ത് തന്ന പാചകക്കുറിപ്പും. പെട്ടെന്ന് ഒരു കൂറ്റൻ  പരുന്ത്‌ മുല്ലയുടെ കയ്യിലെ കരൾ റാഞ്ചിയെടുത്ത് പറന്നു കളഞ്ഞു. അപ്പോൾ മുല്ലപ്പോട്ടിചിരിച്ചു.
 ഹ --------- ഹ ------- ഹ ------


"എടാ പരുന്തെ നിന്നെപ്പോലൊരു പമ്പര വിഡ്ഢിയെ ഞാൻ കണ്ടിട്ടില്ല.

 എൻെറ പാചകകുറിപ്പില്ലാതെ ആട്ടിൻ കരൾ കൊണ്ട് നീ എന്തു ചെയ്യും.?!!!                 

Thursday 13 November 2014

                                                   

                                                   

                                                 സമത്വത്തിൻെറ  തച്ചുശാസ്ത്രം




നഗരത്തിന് വടക്കുമാറി ഒരു  കാടുണ്ടായിരുന്നു. അവിടെ ഒരു  ദിവ്യൻ ഉണ്ടെന്നറിഞ്ഞ് ഞാനും കൂട്ടുകാരനും അങ്ങോട്ട് യാത്രയായ്. അയാൾ തലയിൽ കടന്നലുകളെയും താടിയിൽ പുളിയുറുമ്പിനെയും വളർത്തിയിരുന്നു. ആ ജന്തുക്കൾ അയാൾക്ക് ചെയ്യുന്ന ശല്ല്യ ങ്ങളെപ്പറ്റി നഗരത്തിൽ എല്ലാവർക്കും അറിയാമായിരുന്നു. പളുങ്കു കണ്ണുകളും മൂക്കിൽ പാലുണ്ണിയുമുള്ള ഒരു സുന്ദരിയാണ് എന്നോടിത് പറഞ്ഞത്.



ഞാനവിടെ എത്തുമ്പോൾ ആ കാട്ടിലെ മുഴുവൻ മൃഗങ്ങളും അയാൾക്കു മുന്നിൽ നമ്രശിരസ്കരായ് നില്ക്കുന്ന കാഴ്ച കണ്ട് അന്തംവിട്ടുപോയ് . ഒരല്പം ഭയവും തോന്നി. എൻെറ കൂട്ടുകാരൻ ഭയന്ന് ഓരിയിട്ടു.പിന്നെ എന്നെ ഉപേക്ഷിച്ച്  തിരികെ ഓടിപ്പോയി. നക്ഷത്രങ്ങളോളം ഉയരമുള്ള ഇലമൂടിയ അത്തിമരത്തിൽ ഭയന്ന് അരണ്ട വെരുകിനെപ്പോലെ  ഞാൻ വലിഞ്ഞു കയറി.



ആ ദിവ്യൻ തലകുത്തി നിന്നാണ് പ്രഭാഷണം നിർവ്വഹിച്ചത്. അപ്പോഴും പാദരക്ഷകളണിഞ്ഞിരുന്നു.അതെന്തിന് എന്ന് ശിഷ്യർ അത്ഭുതം കൂറി.കാലിൽ കാക്കകൾ കാഷ്ഠിക്കാതിരിക്കാനാണ് എന്നയാൾ വിശദീകരിച്ചു.



ഈലോകംമുഴുവൻ തലകീഴായിരിക്കുന്നു എന്ന് പറഞ്ഞാണ് ആ മഹത് പ്രഭാഷണം തുടങ്ങിയത്.      

                                                                             

ഈ കാട്ടിൽ എല്ലാവരേയും കാട്ട് ജീവികൾ എന്നാണ് വിളിക്കേണ്ടത്. വ്യതിരിക്തമായ നാമങ്ങളോ, സൂചകങ്ങളോ അരുത്. അത് അസമത്വത്തിന് കാരണമാകും എന്നയാൾ പരിതപിച്ചു. ആരും ആരേയും തിന്നരുത്.പകരം ഒരു പൊതു ഭക്ഷണം സ്വീകരിച്ച്, പൊതുക്കുളത്തിൽകുടിച്ച്, പൊതു നദിയിൽകുളിച്ച്, പൊതുസ്ഥലത്ത് വിസർജ്ജനം ചെയ്ത് പൊതു ഇടത്തിൽ ഉറങ്ങി ഉണർന്നാൽ; എല്ലാവരും രൂപാന്തരം പ്രാപിച്ച്; സമന്മാരാകും എന്നയാൾ സിദ്ധാന്തിച്ചു.ആ പാണ്ഡിത്യത്തിനു മുമ്പിൽ ഞാൻ ശിരസ്സ് നമിച്ചു.




ഈ സമയം ചെന്നായ്ക്ക്ൾ തൊട്ടടുത്ത മാനുകളുമായ് ഗോലികളിക്കുകയായിരുന്നു. സിംഹങ്ങളുടെ മടിയിൽ കിടന്ന് മുയലുകൾ കൂർക്കം വലിച്ചുറങ്ങി. ശ്രോതാക്കൾക്ക് കഴിക്കാൻ മരച്ചീനിപുഴുങ്ങിയതും ചുക്കുവെള്ളവും കരുതിയിരുന്നു.നല്ല ചെണ്ടമുറിയൻകപ്പ!



പ്രഭാഷണം മറ്റൊരുതലത്തിലേക്ക് കടന്ന്."യാതൊരു ഹിംസയും നമ്മുടെ ഈ മാത്രകാവനത്തിൽ ഉണ്ടാകരുത്.പക്ഷെ നമ്മുടെ പൊതു ലക്ഷ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ നമുക്ക് സംഘംചേർന്ന് കൊല്ലാം.പക്ഷെ വേദനിപ്പിക്കരുത് ! അതൊരു കൊലപാതകമല്ലെന്ന്  നാം എല്ലാവരേയും ബോദ്ധ്യപ്പെടുത്തണം! വെറുമൊരു ഇല്ലാതാക്കൽ ആണതെന്ന് എല്ലാവരേയും കയ്യടിച്ച് അംഗീകരിപ്പിക്കാണം ! അംഗീകരിപ്പിക്കാൻ ആവശ്യമെങ്കിൽ ചെറിയ ഒരു ബലപ്രയോഗവും ആകാം! പക്ഷെ അതൊരു ബലപ്രയോഗമല്ലെന്നും.അംഗീകരിപ്പിക്കണം! കേവലം സമ്മർദ് ദം മാത്രം. "അംഗീകരിപ്പിക്കലാണ് എൻെറ തത്വശാസ്ത്രത്തിൻെറ കാതൽ.  


                                                                                   
"എല്ലാവർക്കും എല്ലാവരുടേയും എന്നത് ആണ് നമ്മുടെ മുദ്രാവാക്യം."




"ഗുരോ ഒന്നു കൂടി വിശദീകരിക്കാമോ ?"ഒരു കരടിയാണ് ചോദ്യകർത്താവ്. പണ്ഠിതൻ മുരടനക്കി കണ് ഠ ശുദ്ധി വരുത്തി. ഇപ്പോൾ രണ്ടു ടിമുകളായ് ഫുട്ബോൾ കളിച്ചിരുന്ന പുലികളും ആടുകളും. കളി നിർത്തി പ്രഭാഷണം ശ്രദ്ധിച്ചു തുടങ്ങി.



"അതായത് സിംഹത്തിൻെറ ഗുഹയിൽ എലിയോ എലിയുടെ മാളത്തിൽ സിംഹമോ അന്തിയുറങ്ങുന്നതിൽ തെറ്റില്ലെന്ന്.!"



ഇത്തവണ ദിവ്യന് അല്പം ദേഷ്യം വന്നു. "എന്തെങ്കിലും അഭിപ്രായമോ അഭിപ്രായ വ്യത്യാസമോ വന്നാൽ ഭുരിപക്ഷ തീരുമാനം സസന്തോഷം എല്ലാവരും  സ്വീകരിക്കുക."      



കാട്ടിൽ ഹിംസ നിരോധിച്ചത് കൊണ്ട് എല്ലാവരുംമുഴുപ്പട്ടിണിയിൽ ആയിരുന്നു. അത്കൊണ്ട് ആദ്യം പൊതു ഭക്ഷണം തീരുമാനിക്കാമെന്ന് ചർച്ചവന്നു .



സിംഹം,പുലി, കടുവ എന്നിവർ അത്തിപ്പഴവും കഞ്ഞിവെളളവും മതിയെന്ന് പറഞ്ഞു. മാൻ, പശു, മുയൽ എന്നിവർ വാഴപ്പഴവും,സർബ്ബത്തും മതിഎന്ന് പറഞ്ഞു. കീരി, വെരുക്, പന്നി, എലി, എന്നിവർ മരച്ചീനിയും നാരങ്ങസോഡയും മതി എന്നു പറഞ്ഞു.



കൈപൊക്കി ഭൂരിപക്ഷമെടുത്തപപോൾ മൂഷികന്മാരാണ് ജയിച്ചത്. അങ്ങനെ മരചീനിയും നാരങ്ങസോഡയും ഭക്ഷണമായ് അംഗീകരിക്കപ്പെട്ടു.



                                                                                 
വിജയശ്രീലാളിതരായ മൂഷികൻമാരുടെ മുഖത്ത് ഒരു വഷളൻ ചിരി ഒട്ടിനിന്നിരുന്നു. അവർ കൈകളും വാലും  ഒന്നിച്ച് ഉയർത്തിയാണ് ഭുരിപക്ഷം തികച്ചത്.എണ്ണം എടുത്ത വൃദ്ധൻ കുരങ്ങിന് തെറ്റിപ്പോയിരുന്നു.



എനിയ്ക്കു ചുറ്റും  മേഘങ്ങളിൽ ഒളിച്ചിരുന്ന അന്ധകാരം പെയ് തിറങ്ങി. അത് കാഴ്ചകളെ മറച്ചു. നക്ഷത്രങ്ങൾ  വഴികാട്ടിയ ദിശയിലൂടെ ഞാൻ മടങ്ങി.

                                       -------------------------------------------

 

Wednesday 12 November 2014

   

                                                   യാത്ര






     ജീവിതം ഒരു യാത്രമാത്രമാകുന്നു.
     മിനിറ്റുകളും മണിക്കൂറുകളും യാത്രചെയ്യുന്നു.
     ദിവസങ്ങളും, മാസങ്ങളും.......
     വർഷങ്ങളുമെല്ലാം യാത്രചെയ്യുന്നു.

     തുടങ്ങിയേടത്ത്  അവസാനിക്കാത്ത
     യാത്രകളത്രെ ജീവിതം...........

     ഉറക്കവും ഒരു യാത്രയാണ് !
     മരണവും ഒരു യാത്രയാണ് !
     ഈ സത്യമറിയുന്നവർ
     നിർഭയരത്രെ!

     എന്തെന്നാൽ അവരിൽ
     മരണഭയം വിട്ടൊഴിയും!
     മരണ ഭയമില്ലാത്തവനു
     ദൈവമില്ല......സാത്താനുമില്ല!
     സ്വർഗ്ഗവും നരകവുമില്ല!
     ജീവിച്ചു തീർക്കാനുള്ളത് ;
     നിയതമായ വഴികളില്ലാത്ത, നിയമമില്ലാത്ത.
     ഒരു 'മഹായാത്ര ' മാത്രം.

 മോഹങ്ങളെ മരത്തണുവിൽ  വിശ്രമിക്കൂ
 ദേഹമേ നീയിനിയും യാത്ര ചെയ്യൂ.
                                                                                                                                                             
                     

Tuesday 11 November 2014

                                                        

                                                          മത്സ്യ  ബന്ധനം


                                                          



ദാഹം തീർക്കാൻ പറ്റിയ ഒരു തെളിനീർ പൊയ് കതേടി ഞാനുമെൻെറ കൂട്ടുകാരനും ഏറെ അലഞ്ഞു.




അവസാനം ഒരു ശിശിരകാലത്തിൻെറ ഇല പൊഴിഞ്ഞ പ്രഭാതത്തിൽ ഞങ്ങളത് കണ്ടെത്തുക തന്നെ ചെയ്ത.പുരാതനമായ ഒരു പൊയ് ക.


അവിടെ കൂർത്ത മുഖമുള്ള ഒരാൾ ചൂണ്ടലുമിട്ട് ശാന്തനായ്  ഇരിക്കുന്നു.



"ഒറ്റയ്ക്ക് താമസിച്ച് മുഷിഞ്ഞപ്പോൾ ഞാനിങ്ങ് കയറിപ്പോന്നു."



ആ പൊയ് കയിലെ അവസാനത്തെ ഞങ്ങാണിത് ലോകരോട് പറഞ്ഞത്.


അല്പന്മാർ അതിവേഗം സംഘം ചേർന്നു.അഥവാ ചേരണമല്ലൊ!?


അവർ ചൂണ്ടയിടുന്നവനെ ഊളനെന്നും, ഭ്രാന്തനെന്നും കൂക്കി വിളിച്ചു.കല്ലെറിയാനും,തുനിഞ്ഞു ഞാനവരെ എതിർത്തു.വന്നെത്താൻ സാധ്യതയുള്ള മത്‌സ്യങ്ങളെയോർത്ത് പ്രതീക്ഷയുടെ ചൂണ്ടയിൽ കുതന്ത്രത്തിൻെറ ഇരകൊരുത്ത് ശാന്തനായ് കാത്തിരിക്കുന്ന ഇവൻ ഭ്രാന്തനോ ഊളനോ അല്ല. ഇവൻ കാലത്തിനും വഴികാട്ടുന്നവനത്രെ!



മഞ്ഞും മഴയും കനത്തു.പോകാവുന്നിടത്തോളം ഞങ്ങൾപ്പോകട്ട.പുറപ്പെടുമ്പോഴും,വാക്കുകൾ ആ പൊയ്കക്കുമേൽ പാറികിടന്നിരുന്നു.              


                                                             ----------------------

Monday 10 November 2014




                                                 നേരിൻെറ ഒരു ചീന്ത്   





സേനഹം              :  ഞാനല്ല പ്രപഞ്ചമെന്ന  തിരിച്ചറിവ് !


കാലം                    :  കരളിനെ കീറിമുറിക്കുന്ന ഗ്രഹാതുരത്വത്തിൻെറ
                                  വേദനിപ്പിക്കുന്ന മുള്ള്

മോഹഭoഗo          :  ചീവിടുകളുടെ സംഗീതം  വിലാപമെന്നും .ഇടിമിന്നലിന്                                                                          വീടില്ലെന്നുമുള്ള  തിരിച്ചറിവ് ;



സ്വപ്നം                   :   ഭ്രജാലങ്ങൾ മുഴുവൻ വെന്തെരിഞ്ഞും എനിയ്ക്കായൊരുക്കുന്ന                                                                    പച്ചപ്പിൻെറ നിറവ് ;
                                 ഇടിനാദങ്ങൾക്കിടയിൽ ശേഷിപ്പിയക്കുന്ന സംഗിതത്തുള്ളികൾ .    


കാമം                     :    ഉച് ഛ്വാസനിശ്വാസങ്ങൽക്കിടയിലെ ,ഒരുതുള്ളിപ്രണയം!



പ്രണയം               :    സർവ്വാശ്ലേഷിയായ തിരസ്കാരം,
                                   പഴുത്ത പഴം ആഹരിയ്ക്കാതെ
                                   വേദനയോടുള്ള വലിച്ചെറിയാൽ
                                   കുരു മുളച്ചു് മണ്ണ്  നിറയെ ;
                                   പഴച്ചെടികൾ നിറഞ്ഞേക്കാം !

                           
                           
                                   ഇലകൊഴിഞ്ഞ കണികൊന്നയിൽ
                                   നിന്നും തിരിഞ്ഞു നടന്ന വർണ്ണവസന്തം .
                                   പുതുമണ്ണിൻെറ ഗന്ധമുള്ള
                                   കുറുമ്പൻ മഴ.



ദൈവം                  :   ഞെട്ടറ്റ പ്പൂവിൻെറ കാറ്റിൻെറ കരുതലോടെ
                                  മണ്ണിലെത്തിക്കുന്ന കനിവിൻെറകൈകൾ
                                  കല്ലിൽ,മരത്തിൽ,പുഴുവിൽ,കാറ്റിൽ
                                  ഒളിഞ്ഞിരിക്കുന്ന ഞാനും
                                   എന്നിലൊളിച്ച പെരുതായ
                                   ഭുഗോളം,മാമല,പുഴ ......



കവിത                   :    വേദനയുടെ ഗർഭപാത്രത്തിൽ നിന്നും ;
                                   കരഞ്ഞുപിരക്കുന്ന
                                   വിഫല മോഹത്തിൻെറ
                                   കറുത്ത കുഞ്ഞുങ്ങൾ !



ഏകാന്തത           :     ആൾക്കുട്ടങ്ങളിൽ ജീവിക്കുന്ന സത്യം .
                                   ഓജസ്സും,തേജസ്സും വഴിപിരിയുമ്പോൾ
                                   വഴിക്കുട്ടിന്  മണ്‍തരിയും,
                                   രാക്കുട്ടിന് വല കെട്ടുന്ന ചിലന്തിയും മാത്രം .



മരണം                  :    തായ്‌ വേരുതേടൽ ,
                                   അഗ്നിബീജത്തിൽ നിന്നും അഗ്നിയിലേക്ക് ,
                                   ഈറ്റില്ലത്തിൽ നിന്നുമേറ്റു വാങ്ങിയ മണ്ണിലേക്ക് ,
                                   താരാട്ടിയ  കാറ്റിലേക്ക്,
                                   ദാഹമാറ്റിയ പുണ്യപ്രവാഹങ്ങളിലേക്ക് .



ജീവിതസത്യം       :      ഉറക്കം സുഖകരം.
                                    മരണമതിസുന്ദരം
                                    അത്യന്തം ഭാഗ്യവാൻ ;
                                    ജനിക്കാതിരുന്നെങ്കിൽ !





Friday 7 November 2014


                                                                -2-



സമന്മാരുടെ  നാട്ടിൽ നീളമുള്ളവനോ കുറിയവനോ ഇല്ല!നീളം കുറഞ്ഞവനെ വലിച്ചു നീട്ടിയും,നീളംകു‌ടിയവനെ കൂടത്തിനടിച്ച് ചുരുക്കിയും സമന്മാരാക്കാം എന്നയാൾ സിദ്ധാന്തിച്ചു.സൂര്യന് പ്രകാശമില്ലെന്നും അയാൾക്ക് അഭിപ്രായമുണ്ട്.ഞാൻ തർക്കിച്ചു ഉണ്മയെ നന്മയെന്നും തിന്മയെന്നും വേർപെടുത്തുന്ന പ്രപഞ്ചത്തിൻെറ കണ്ണുകളത്രെ സൂര്യൻ അതിന് പ്രകാശമുണ്ടായേ തീരൂ .



"എൻെറ ഇച്ച്ചയും,അധ്വാനവുമത്രെ എൻെറ അർഹത.അത് നിനക്കെങ്ങനെ അവകാശമാകും?"


അവകാശമുണ്ടെന്നവർ ബഹളം വച്ചു.ബഹളത്തിനിടയിൽ എൻെറ കിരീടം തെറിച്ചുപ്പോയി.എൻെറ വാദം കേൾക്കാതെ ആ ദിവ്യമരുന്നു കഴിച്ചവരെല്ലാം, മഞ്ഞയും,കറുപ്പും,വെളുപ്പുമായ മനുഷ്യരെല്ലാം ഒന്നൊന്നായ് ചത്തുമലച്ചു.



 ഞാനും എൻെറ കൂട്ടുകാരൻ നായയും,ഇന്ദ്രജാലക്കാരും മാത്രം ആ മഹാ നഗരത്തിലവശേഷിച്ചു.



അവസാനം ഇന്ദ്രജാലക്കാരുടെ നേതാവ് ഒഴിഞ്ഞ ചൂണ്ടയുമായ് രംഗത്തെത്തി.അയാൾ പറഞ്ഞു.മരുന്ന് ഇപ്പോഴും  ദിവ്യം തന്നെ.എന്തെന്നാൽ ജീവൻ  നഷ്ടപ്പെടുക എന്ന പരിവർത്തനം വഴി ഇവർ സമത്വം കൈവരിച്ചിരിക്കുന്നു.മൂർത്തമായ് നിങ്ങൾ വീക്ഷിച്ച ഈ പരമ സത്യമത്രെ സമത്വം.
   
    

Thursday 6 November 2014

                                                    ഇന്ദ്രജാലക്കാരുടെ  നാട്ടിൽ



അവസാനം അവർക്കെന്നെ ഒരു മഹാപണ്ഡിതനെന്ന്  അംഗീകരിക്കേണ്ടിവന്നു . പൂക്കളും ഇലകളും കൊണ്ട് തുന്നിയ ഒരു കിരീടം അവരെന്നെ അണിയിച്ചു.


അപ്പോഴേക്കും എൻെറ ശരീരവും ചിന്തകളും ചൂടുപ്പിടിച്ചുതുടങ്ങി.ഒരു മഹാവിശപ്പ് എന്നെ കീഴടക്കി.പെരുമ്പാമ്പിനെപ്പോലെ അതെന്നെ വിഴുങ്ങി.ആഹാരത്തിനായി ഈ കുന്നും കടന്ന് ഒരു നഗരത്തിലെത്താൻ ഞാനോട്ടം പിടിച്ചു.


മനുഷ്യരാശിയോളം പഴക്കമുള്ള ഗർത്തങ്ങളും, ചെരിവുകളുമുള്ള കുന്നിലൂടെയുള്ള, യാത്ര; ദുഷ്കരമായിരുന്നു.എങ്കിലും ഞാനതും കടന്ന് ഇന്ദ്രജാലക്കാരുടെയും,സ്വപ് നാടകരുടെയും നഗരത്തിലെത്തി.





അവിടെയൊരു ഇന്ദ്രജാലപ്രകടനം നടക്കുകയായിരുന്നു അവർക്കുചുറ്റും, ചുവപ്പും,കറുപ്പും, മഞ്ഞയുമായ മനുഷ്യർ നിരുന് മേഷരായ് നിരന്നുനിന്നു. ഞാൻ,ആരാണവരുടെ നേതാവെന്ന് അന്വേഷിച്ചു.അയാൾ കൂരിരുട്ടിൽ കരിമ്പൂച്ചയെ; തിരയുന്നവനും!മത്സ്യങ്ങളില്ലാത്ത ആഴക്കയങ്ങളിൽ ചൂണ്ടയിടുന്നവനുമാണെന്നറിഞ്ഞു . എനിക്കദ്ദേഹത്തോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി.



ഇന്ദ്രജാലകർ ഒരു മരുന്നുണ്ടാക്കി.അത് കഴിക്കുന്നവർ സമത്വം കൈവരിക്കുമെന്ന്  അവകാശം കൂറി .ദാരിദ്രം പമ്പകടക്കുമത്രെ!



ഒരു കശാപ്പു കടയിൽ നിന്നും കിട്ടിയ നട്ടെല്ലു കഷണം നുണഞ്ഞു കൊണ്ടിരുന്ന;ചന്തി ഒട്ടിയ പെണ്ണു ചോദിച്ചു."ആദിവ്യ മരുന്ന് എനിക്ക് ഗുണം ചെയ്യുമോ?"



 "പിന്നില്ലാതെ ഞങ്ങളുടെ നാട്ടിൽ ഒട്ടിയ നിതംബമോ,തടിച്ചതോ ഇല്ല! എല്ലാം സമമായ നിതംബങ്ങൾ "!അവൾക്കപ്പോൾ നാണം വന്നു .      
     

Wednesday 5 November 2014

                                                                    -3-





"നിനയ്ക്ക് ഈ മുഷിപ്പൻ പണിനിർത്തി തുള്ളിച്ചാടി നടക്കാമല്ലോ?!"എനിക്ക് സംശയം തീർക്കണം .



"വഴി തിരഞ്ഞെടുക്കുന്നത് ഞാനോ, ദൈവത്തിൻെറ വഴികാട്ടികളോ അല്ല.നിയമത്തിൻെറ കൽത്തുറുങ്കുകളത്രെ "



"ജനനം മുതൽ മരണം വരെ നാം തിരഞ്ഞടുത്തു കൊണ്ടേയിരിക്കണം. അതും പാരതന്ത്രത്തെ!അതാണെ തിരഞ്ഞെടുക്കലിൻെറ ധർമ്മസങ്കടം "...............



"അവസാനത്തെ രാജാവും, അയാളുടെ പുരോഹിതനും ചത്തൊടുങ്ങും വരെ ഇതൊരു അനിവാരൃത മാത്രമാണ് .



വയറൻ രാജാവിൻെറ കൂർക്കം വലി ഞങ്ങളുടെ രസം  കെടുത്തി. സമയംസന്ധ്യയായ്. അജ്ഞതയുടെ മൂടുപടമിട്ട് കോടമഞ്ഞിറങ്ങിക്കഴിഞ്ഞു.
കുറേകഴിഞ്ഞാൽ ചന്ദ്രനുദിച്ചേക്കും.ഞാനും കൂട്ടുക്കാരനും വീണ്ടും യാത്ര പുറപ്പെട്ടു.

                                                                  -2 -



"ഹേ അല്പ്ജ്ഞാനി,ഈ മൃഗം എന്നെ നിർബ്ബന്ധപൂർവ്വം വലിച്ച് പുറത്ത്കയറ്റിയിരിക്കുകയാണ് .
അല്ലെങ്കിൽ അതിനെങ്ങനെ ആസ്വദിച്ച് ചുമക്കനാവും?"



ഞാനൊരൽപ്പം ചിന്താക്കുഴപ്പത്തിലായി.ഈ സമയം കഴുതയുടെപ്പാട്ട്  ഉച്ചസ്ഥായിയിലായി.


"നിൻെറ ചിലസിച്ച  നിലവിളി നിർത്തു ....പന്നിക്കും കോവർകഴുതയ്ക്കും  ജനിച്ച സന്താനമെ ...!"ഞാൻ ക്ഷോഭിച്ചു.


"നീ എന്തിനു നിന്നെക്കാൾ പെരുത്ത ഈ  ജന്തുവിനെ ചുമക്കുന്നു.നിനക്ക് ക്ഷീണമില്ലെ?.നിൻെറ ചടച്ചമേനിയും പുള്ളിത്തോലും ;കണ്ടാലറിയാം,നിനയ്ക്ക്  തിന്നാൻ കിട്ടുന്നില്ലെന്ന് ......."



"ഞാൻ ജീവിക്കുന്നത് പുല്ലിനും വെള്ളത്തിനും മാത്രമല്ല ..സ്വപനങ്ങൾക്കും ചിന്തകൾക്കും കു‌ടിയത്രെ .....ഒരു പക്ഷെ അതായിരിക്കും ഏറ്റവും വിലപെപ്ട്ടത് .......എൻെറ ജിവിതം സ്വപ്നമാണ്‌, എന്നെക്കാൾ  ഭാരമുള്ളവനെ ചുമക്കുക എന്നത് .....അഥവാ എൻെറ ജന്മം പോലും അതിനാണ്."


ആ വയറൻ രാജാവ് ഉറക്കം പിടിച്ചു .


"തിമിരം ബാധിച്ചുതുടങ്ങിയ എൻെറ കണ്ണുുകളിൽ ഏറ്റവും സുന്ദരനായ്  തോന്നുന്നവനെയാണ് ഞാൻ ചുമക്കാൻ തിരഞ്ഞെടുക്കുന്നത് . അവനെ ഞാൻ സന്തോഷത്തോടെ ചുമക്കും "



അവൻെറ വിശദീകരണം കേട്ട് എൻെറ കറുത്ത നായ് കോട്ടുവായിട്ടു .



Tuesday 4 November 2014

                                                          ഗർദ്ദ്ദഭ ജീവിതം 


യാത്ര പുറപ്പെടുമ്പോൾ ഈ കറുത്ത നായയെയും കൂട്ടാൻ തീരുമാനിച്ചുു.ഇവന്  നഗരങ്ങളുടെ
നാശവു,നാട്യവും വളരെ അറിയാം!


അതൊരു രസികൻ സായാഹ്നമായിരുന്നു.കാറ്റും കൊണ്ട് വഴിവക്കത്തുള്ള ഒരു വഴുക്കലുള്ള അത്താണിയിൽ ചമ്രം പടഞ്ഞിരുന്നു.അനാദിക്കാലത്തെങ്ങോ ആരോ പടച്ചിട്ട ഒരു  വയസ്സൻ അത്താണി.


അപ്പോഴാണ് ഒരു  കഴുതപ്പുറത്ത്  ഒരു തടിയൻ  രാജാവ് അതിലെ കടന്നുവന്നത് .അയാൾ
സുമാർ 200 കിലോവിലധികം  ഭാരം കാണണം.വാസ്തവത്തിൽ അയാൾ നല്ലവനായിരുന്നെങ്കിൽ
ആ കഴുതയെ ആയിരുന്നു ചുമക്കേണ്ടത്  .


എന്നാൽ വലിയൊരു ഭാരം താങ്ങുന്നയാതൊരു അലോസരവും ഇല്ലാതെ ആവേശഭരിതനായാണ് ;
ആ കഴുത നടന്നിരുന്നത് .അതൊരു  മൂളിപ്പാട്ടുപ്പോലും പാടുന്നുണ്ടായിരുന്നു !


''നമ്മളൊന്നല്ലെ ......എന്നും നമ്മളൊന്നല്ലെ"......എന്നോ മറ്റോ ആയിരുന്നു അതിലെ വരികൾ!


"ഹേ രാജാവെ  താങ്കളെന്തിനു ഈ വിഡ്ഢി മൃഗത്തെ ഇങ്ങനെ പീഡിപ്പിക്കുന്നു"?എനിക്ക്
ഇടപ്പെടാതിരിക്കാൻ കഴിഞ്ഞില്ല .

ഹാ ...ഹാ ....ഹാ ...ആ പെരും വയറൻ കുലുങ്ങിച്ചിരിച്ചു .


"അയാളുടെ വയറ്റിൽ സ്വർണ്ണനാണയങ്ങൾ തങ്കത്തുട്ടുകളും  ഉണ്ട്. എനിക്കുറപ്പുണ്ട്!
ഒരു പക്ഷെ രത്നങ്ങൾ പോലും!അതുകളുടെ കാതു തുളക്കുന്ന കിലുക്കം ഞാൻ കേട്ടു .


Saturday 1 November 2014


                                                                  -3-



അവസാനം ധ്യാനത്തിലമർന്ന ഈ വനവും ഈ മടിയൻ ആൽമരത്തേയും പിന്നിലുപേക്ഷിച്ച് ദേശാടനം  തുടങ്ങാൻ ഞാൻ തീരുമാനിച്ചു.മുഷിപ്പൻ ചിന്തകളും ,പൂവിരിയാത്ത വസന്തവും കാണാൻ ബാക്കിവച്ച സ്വപ്നവുമയ് ഈ കൊടും വനതിലെത്തിയ
എന്നെ കാതിരുന്നതെന്താണ് ?  



"അനശ്വരത നേടാനും, സ്വയം അതിവർത്തിക്കുവാനും മനുഷ്യൻ നടത്തുന്ന തിരച്ചിലത്രെ ശാസ്ത്രം .

തനിയ്ക്ക ലഭിയ്ക്കാത്ത അനശ്വരത തൻെറ കോശങ്ങൾക്ക് ലഭ്യമാക്കാനുള്ള വ്യഗ്രതയത്യെ കാമം."

എന്നിങ്ങനെ ഞാൻ പറയുന്നത് കേട്ടാണ് ഈ വിഢഡിമൃഗങ്ങൾ എന്നോട് കൊമ്പുകോർത്തത് !


എന്നോടെതിർത്ത് അന് ധരായ തുങ്ങൻ ചെവിയുള്ള കഴുതകൾ മത്സരിച്ച് മൂത്രമൊഴിച്ച് നശിപ്പിച്ച ഈ കരിയില മെത്തയിൽ ഇനിയെങ്ങനെ കിടക്കും?


ചുവന്ന മുതലകളും,രക്തമൂറ്റുന്ന മൂട്ടകളും,കരിന്തൊലിയൻ ചെള്ളൂകളുമുള്ള ഈ മെത്തയിൽ
കിടന്നുറങ്ങിയതിന് നിങ്ങളെനിക്ക് കുറച്ച്‌ റോസാപൂക്കളെങ്കിലും തരണം ;


കഴുതകളുടെ കരച്ചിൽ കേട്ട്‌ ഭയന്നോ,പല്ലുതേഞ്ഞ മൂട്ടകളുടെ കടി പേടിചോ അല്ല ഞാൻ യാത്ര പുറപ്പെടുന്നത് ! ചെയ്തു തീർക്കാനൊ ന്നുമില്ല!പ്രതീക്ഷിയ്ക്കാൻ പുലരിയുടെ വെളിച്ചമില്ല !കാത്തിരിയ്ക്കാൻ പ്രകാശത്തിൻെറ താരകങ്ങളുമില്ലെങ്കിൽ  ഞാനാർക്കു വേണ്ടി  ഉണരണം?എന്തിനുവേണ്ടി  ആഹ്ളാദത്തിൻെറ പാട്ടുകൾ പാടണം?                
 

                                                                                               എ .എം .ഷിബു